Ranipuram, Bekal Kota, Posadigumbe; Kasargote KSRTC Pleasure Trip Plan Soon



റാണിപുരം, ബേക്കല്‍ കോട്ട, പൊസഡിഗുംബെ; കാസര്‍ഗോട്ടെ KSRTC ഉല്ലാസ യാത്ര പദ്ധതി ഉടന്‍



ആനവണ്ടിയിലെ ഉല്ലാസയാത്രയ്ക്ക് സംസ്ഥാനമൊട്ടാകെ പ്രിയമേറിവരികയാണ്. സാധാരണക്കാര്‍ക്ക് കുറഞ്ഞചെലവില്‍ ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാനുള്ള അവസരമൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടിക്കറ്റേതരവരുമാനം എന്ന രീതിയില്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയ ആശയം കാസര്‍ഗോഡ് ജില്ലയില്‍ ഇതുവരെ നടപ്പായില്ല.



ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും കെ.എസ്.ആര്‍.ടി.സി.ക്കും ഒരുപോലെ ഗുണംചെയ്യുന്ന പദ്ധതി പുതുവര്‍ഷത്തിലെങ്കിലും നടപ്പാകുമോ എന്നാണ് സഞ്ചാരപ്രിയരുടെ ചോദ്യം. റാണിപുരം, ബേക്കല്‍ കോട്ട, പൊസഡിഗുംബെ തുടങ്ങിയ സ്ഥലങ്ങള്‍ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.



സംസ്ഥാനത്തെ ഏക തടാകക്ഷേത്രമായ കുമ്പള അനന്തപുരം ക്ഷേത്രം, മധൂര്‍ മദനന്തേശ്വര ക്ഷേത്രം, തളങ്കര മാലിക് ദീനാര്‍, ബേളാ ക്രിസ്ത്യന്‍ പള്ളി തുടങ്ങിയ ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടന യാത്രകള്‍ക്കും സഞ്ചാരികളുണ്ടാകും. കണ്ണൂരില്‍ തുടങ്ങിയ ഈ പദ്ധതി യിലൂടെ കാസര്‍കോട് റാണിപുരത്തേക്കും ബേക്കലിലേക്കും യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.


ജില്ലയില്‍ പദ്ധതി തുടങ്ങാനുള്ള അനുമതി ഇനിയും കിട്ടിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നവംബര്‍ അവസാനത്തോടെ ഈ പദ്ധതി ജില്ലയില്‍ തുടങ്ങാന്‍ ആലോചനയുണ്ടായിരുന്നു.



എന്നാല്‍ അനുമതി ലഭിച്ചില്ല. ഇതിനായി പുതിയ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയമിക്കാന്‍ തീരുമാനമായി. എന്നാല്‍ അനുമതി ലഭിച്ചാല്‍ മാത്രമെ യാത്രകള്‍ക്കായി സ്ഥലങ്ങളും, റൂട്ടും, ടിക്കറ്റ് നിരക്ക് തുടങ്ങിയവയും നിശ്ചയിക്കാന്‍ കഴിയൂ.



തുടക്കത്തില്‍ വാരാന്ത്യങ്ങളില്‍ മാത്രമായിരിക്കും ബസ് സര്‍വീസ് ഉണ്ടാകുക. നിലവില്‍ വയനാട് ജില്ലയുമായി ബന്ധിപ്പിച്ചുള്ള യാത്ര മാത്രമാണ് പരിഗണനയിലുള്ളത്. 2021-ല്‍ തുടങ്ങിയ പദ്ധതി ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പുതിയ സര്‍വീസുകള്‍ ആസൂത്രണംചെയ്യുന്നതായും അധികൃതര്‍ പറഞ്ഞു.

Post a Comment

Previous Post Next Post