ആസിഡ് വീണു പൊള്ളിയാല്‍ അതെത്രത്തോളം അപകടകരമാണെന്ന് നമുക്കറിയാം, എന്നാല്‍ ആസിഡില്‍ വീണാലോ? പിന്നെ ഒന്നും പറയാനില്ല. ലോകത്ത് പലയിടങ്ങളിലും പ്രകൃതിദത്തമായി വിവിധ ആസിഡുകള്‍ നിറഞ്ഞ തടാകങ്ങളുണ്ടെന്ന് അറിയാമോ? ഇവയില്‍ പലതും സാഹസിക വിനോദസഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്.
ഇത്തരത്തില്‍ ലോകത്ത് ഏറ്റവും വലിയ ആസിഡ് തടാകം ഇന്തൊനീഷ്യയിലാണ്. ഇന്തൊനീഷ്യയിലെ ഈസ്റ്റ് ജാവയിലെ ബാൻയുവാംഗി റീജൻസിയുടെയും ബോണ്ടോവോസോ റീജൻസിയുടെയും അതിർത്തിയിലുള്ള ഇജെന്‍ പീഠഭൂമിയിലാണ് ഈ അദ്ഭുത പ്രതിഭാസം. ‘കവാ ഇജെൻ' എന്നും അറിയപ്പെടുന്ന ഇജെൻ പീഠഭൂമി ഒരു അഗ്നിപര്‍വത പ്രദേശമാണ്.
സഞ്ചാരികളെ ആകർഷിക്കും...
ഇവിടെയുള്ള മറ്റൊരു വിനോദസഞ്ചാര ആകര്‍ഷണമാണ് നീലജ്വാലകള്‍ ഉയരുന്ന കാഴ്ച! 600 °C വരെ ഊഷ്മാവിൽ, വിള്ളലുകളിൽനിന്ന് പുറത്തേക്കു വരുന്ന സൾഫ്യൂറിക് വാതകമാണ് നീലജ്വാലയായി കാണപ്പെടുന്നത്. ‘അപി ബിരു’ എന്നാണ് പ്രദേശവാസികൾ ഇതിനെ വിളിക്കുന്നത്. എത്യോപ്യയിലെ ഡാലോൾ പർവതമാണ് ഇത്തരത്തില്‍ നീലജ്വാല കാണാവുന്ന മറ്റൊരു സ്ഥലം.
ഇജെൻ പ്രദേശത്തിന്‍റെ സൗന്ദര്യം ലോകമെമ്പാടും പ്രശസ്തമാണ്. 2016 ൽ, ഇവിടുത്തെ ആസിഡ് തടാകം യുനെസ്കോയുടെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ വിനോദസഞ്ചാരികളുടെ ഹൈക്കിങ് ടൂറുകള്‍ സജീവമാണ്. രണ്ടു മണിക്കൂറിലധികം കാണാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്. നീല ജ്വാലകള്‍ ഉയരുന്ന രാത്രി സമയത്താണ് ഇത്തരം ടൂറുകളില്‍ അധികവും സംഘടിപ്പിക്കുന്നത്.
ഇജെനിലെ അഗ്നിപര്‍വത ഭൂമിയില്‍ ഒരു കിലോമീറ്ററോളം വീതിയിലാണ് പ്രശസ്തമായ ആസിഡ് തടാകം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആസിഡ് തടാകമെന്നാണ് ഇതിനെ വിളിക്കുന്നത്. രാസവസ്തുക്കളുടെ രാജാവെന്നു വിളിക്കുന്ന സള്‍ഫ്യൂരിക് ആസിഡ് ആണ് ഈ തടാകത്തില്‍ നിറഞ്ഞിരിക്കുന്നത്. ബന്യുപാഹിത് നദിയുടെ ഉറവിടം കൂടിയാണിത്.
പകല്‍ സൂര്യപ്രകാശമേറ്റ് നീലപ്പച്ച നിറത്തില്‍ തടാകം തിളങ്ങുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്. ആസിഡ് ആയതിനാല്‍ തടാകത്തില്‍ നിന്നു മൂടല്‍മഞ്ഞുപോലെ പുക ഉയരുന്നതും കാണാം. 2001-ൽ തടാകത്തിലെ ജലത്തിന്‍റെ പി.എച്ച് മൂല്യം മൂന്നില്‍ താഴെ ആയിരുന്നു. പിന്നീട് 2008 ല്‍ നടത്തിയ ഒരു പരിശോധനയില്‍ സൾഫ്യൂറിക് ആസിഡിന്‍റെ ഉയർന്ന സാന്ദ്രത കാരണം, തടാകത്തിന്‍റെ അരികുകളിലുള്ള ജലത്തിന്‍റെ പിഎച്ച് 0.5 ഉം തടാകത്തിന്‍റെ മധ്യത്തിൽ 0.13 ഉം ആയി കണക്കാക്കി.
ധാരാളം സള്‍ഫര്‍ ഉള്ള പ്രദേശമായതിനാല്‍ ഖനനപ്രവര്‍ത്തനങ്ങള്‍ ഇവിടെ സജീവമാണ് അപകടം വകവയ്ക്കാതെ ഇവിടെനിന്നു സള്‍ഫര്‍ ശേഖരിച്ച് കുട്ടകളിലാക്കി, മൂന്ന് കിലോമീറ്റർ അകലെയുള്ള പാൽടൂഡിങ് താഴ്‌വരയിലേക്ക് കൊണ്ടുപോകുന്നു. അവിടെയുള്ള സള്‍ഫര്‍ റിഫൈനറിയില്‍ കൊടുത്ത് പണം സമ്പാദിക്കുന്നു. പ്രദേശത്തെ ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ജോലിക്ക് മികച്ച പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും വളരെയേറെ അപകടം പിടിച്ച ഒരു ജോലിയാണിത്. മിക്ക ഖനിത്തൊഴിലാളികളും ദിവസത്തിൽ രണ്ടുതവണ ഈ യാത്ര നടത്തുന്നു. ഏകദേശം 200- ഓളം ഖനിത്തൊഴിലാളികള്‍ ഇവിടെയുണ്ട്. ഇവര്‍ എല്ലാവരും ചേര്‍ന്ന് പ്രതിദിനം 14 ടൺ സള്‍ഫര്‍ വേർതിരിച്ചെടുക്കുന്നെന്നാണ് കണക്ക്.
Post a Comment