കോഹിനൂർ മാത്രമല്ല, ബ്രിട്ടീഷുകാർ കടത്തിയ 4 വിലയേറിയ വസ്തുക്കൾഎലിസബത്ത് രാജ്ഞി അന്തരിച്ചതിന് പിന്നാലെ ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറുകയാണ്. എന്നാൽ ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നത് കോഹിനൂർ ആണ്. കോഹിനൂർ രത്നം ഇന്ത്യക്ക് തിരികെ നൽകണമെന്നാണ് സൈബർ ഇടത്തിൽ ഉയരുന്ന ആവശ്യം. കോഹിനൂറിൻ്റെ കാര്യം മാത്രമേ കൂടുതൽ പേർക്കും അറിയൂവെങ്കിലും, ഇത് കൂടാതെ വിലപിടിപ്പുള്ള മറ്റ് പല വസ്തുക്കളും ബ്രിട്ടീഷുകാർ കവർന്നിട്ടുണ്ട്.

കള്ളിനൻ ഡയമണ്ട് / ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക...

രാജ്ഞിയുടെ വിലപിടിപ്പുള്ള വസ്‌തുക്കൾക്കിടയിൽ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ എന്ന വജ്രം വേറിട്ടുനിൽക്കുന്നു. ലോകത്തിലേക്ക് ഏറ്റവും വലിയ വജ്രമാണ് കള്ളിനൻ. ദക്ഷിണാഫ്രിക്കയിലെ ഖനിയിൽ നിന്ന് കള്ളിനൻ ലോകം കണ്ടെടുത്തതോടെയാണ് പാശ്ചാത്യ ലോകത്തിന്റെ ശ്രദ്ധയത്രയും ആഫ്രിക്കയിലേക്ക് തിരിഞ്ഞത്. ഭൂമിക്കടിയിൽ 500 ലേറെ കിലോമീറ്റർ താഴെയാണ് കള്ളിനൻ രൂപപ്പെട്ടതെന്നാണ് കരുതുന്നത്. പ്രിട്ടോറയിയിലെ ഖനിയിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഫ്രെഡറിക് വെൽസ് 1905 ജനുവരി 26 ന് വജ്രം കണ്ടെത്തിയത്.

ഒൻപത് വജ്രങ്ങൾ കള്ളിനനിൽ നിന്ന് അടർത്തിയെടുക്കപ്പെട്ടു. ഇതിൽ ഏറ്റവും വലുപ്പമുള്ള കഷണം ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നാണ് അറിയപ്പെടുന്നത്. 106 ഗ്രാമുള്ള വജ്രം ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ടാണ്. ബ്രിട്ടിഷ് രാജവംശത്തിന്റെ അംശവടിയിലാണ് ഈ രത്നം ഇന്നുള്ളത്. രണ്ടാമത്തെ വലിയ കഷണത്തിന് 63. 5 ഗ്രാം തൂക്കമുണ്ട്. സെക്കൻഡ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന ഇത് ബ്രിട്ടിഷ് കിരീടത്തെ അലങ്കരിക്കുന്നു. ബാക്കിയുള്ള 7 കഷണങ്ങൾ അന്തരിച്ച എലിസബത്ത് റാണിയുടെ കൈവശമാണ് ഉള്ളത്.

ടിപ്പു സുൽത്താന്റെ മോതിരം...

1799-ൽ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തെ തുടർന്ന് മരണപ്പെട്ട ശേഷം ടിപ്പു സുൽത്താന്റെ മോതിരവും വാളും അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്ന് കൈക്കലാക്കി. 2004 ൽ വിജയ് മല്യ 1.57 കോടി രൂപയ്ക്ക് ലേലത്തിൽ വാങ്ങിയശേഷം വാൾ ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും, ടിപ്പുവിന്റെ മോതിരം യുകെയിൽ തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ട്. യുകെയിൽ നടന്ന ഒരു ലേലത്തിൽ മോതിരം ഒരു അജ്ഞാതന് ഏകദേശം 1,45,000 ബ്രിട്ടീഷ് പൗണ്ടിന് വിറ്റു എന്നും പറയപ്പെടുന്നു.

റോസെറ്റ സ്റ്റോൺ...

ബി.സി 196ൽ റ്റോളമിയുടെ ഒരു രാജശാസനം ആലേഖനം ചെയ്ത ശിലാഫലകമാണ് റോസെറ്റാ സ്റ്റോൺ. ഈ ശാസനം പ്രാചീന ഈജിപ്തിലെ ഹൈറോഗ്ലിഫ്, ഡെമോട്ടിക്, പ്രാചീന ഗ്രീക്ക് എന്നീ മൂന്ന് ഭാഷകളിലായിരുന്നു എഴുതിയിരുന്നത്. കോഹിനൂർ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആഹ്വാനത്തിനിടയിൽ, ഈജിപ്ഷ്യൻ പ്രവർത്തകരും പുരാവസ്തു ഗവേഷകരും ‘റോസെറ്റ സ്റ്റോൺ’ മാതൃരാജ്യത്തേക്ക്(ഈജിപ്തിലേക്ക്) തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

റോസെറ്റ സ്റ്റോൺ ആദ്യം സ്ഥാപിച്ചിരുന്നത് പ്രാചീന ഈജിപ്തിലെ മെംഫിസ് എന്ന പട്ടണത്തിലെ ഒരു ക്ഷേത്രത്തിലായിരുന്നു. പിന്നീട് അത് അവിടെ നിന്നും നീക്കി ഭവന നിർമ്മാണത്തിനുള്ള കല്ലായി ഉപയോഗിച്ചു. പിന്നീട് അതു 1799 ലാണ് ഈജിപ്തിലോട്ടുള്ള ഫ്രെഞ്ച് എക്സ്പെഡിഷനിലെ ഒരു ഭടനായ പിയർ ഫ്രാൻസ്വാ ബുഷാർ കണ്ടെത്തുന്നത്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ 1800 കളിൽ ഫ്രാൻസിനെതിരായ യുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചതിന് ശേഷമാണ് ഈ പ്രശസ്തമായ കല്ല് ബ്രിട്ടൻ കടത്തിയത്. റോസെറ്റ സ്റ്റോൺ ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

എൽജിൻ മാർബിൾസ്...

ചരിത്രം അനുസരിച്ച് 1803-ൽ എൽജിൻ പ്രഭു ഗ്രീസിലെ പാർഥെനോണിന്റെ ജീർണിച്ച ചുവരുകളിൽ നിന്ന് മാർബിളുകൾ നീക്കം ചെയ്യുകയും ലണ്ടനിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി പറയപ്പെടുന്നു. ഈ വിലയേറിയ മാർബിളുകളെ എൽജിൻ മാർബിളുകൾ എന്ന് വിളിക്കുന്നതിന്റെ കാരണവും ഇതാണ്. 1925 മുതൽ മാർബിൾ തിരികെ നൽകാൻ ഗ്രീസ് ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്.

Post a Comment

Previous Post Next Post